ഹാലിഫാക്സ് : നിയന്ത്രണാതീതമായി പടരുന്ന ലേക്ക് ജോർജ് കാട്ടുതീയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ടവർക്കായി സാമ്പത്തിക സഹായ പദ്ധതി ആരംഭിച്ച് നോവസ്കോഷ സർക്കാർ. നിലവിൽ 288 ഹെക്ടർ വിസ്തൃതിയിൽ പടർന്ന കാട്ടുതീ കാരണം സെപ്റ്റംബർ 29-ന് കിങ്‌സ് കൗണ്ടിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ കെട്ടിടങ്ങളോ വീടുകളോ നശിച്ചതായി റിപ്പോർട്ടുകളൊന്നുമില്ല.

ഒഴിപ്പിക്കപ്പെടുന്നവർക്കുള്ള പ്രവിശ്യയുടെ സാമ്പത്തിക സഹായ പദ്ധതിക്കുള്ള അപേക്ഷകൾ ബുധനാഴ്ച മുതൽ സ്വീകരിക്കും. ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിക്കുന്നതുവരെയോ ഒക്ടോബർ 31 ന് കാട്ടുതീ സീസൺ അവസാനിക്കുന്നതുവരെയോ, ധനസഹായം ലഭ്യമാകും, എമർജൻസി മാനേജ്‌മെൻ്റ് മന്ത്രി കിം മാസ്‌ലാൻഡ് വാർത്താക്കുറിപ്പിൽ പറഞ്ഞു. മുതിർന്ന പൗരന്മാർക്ക് 3,000 ഡോളറും പ്രായപൂർത്തിയാകാത്തവർക്ക് 1,750 ഡോളറുമായിരിക്കും ലഭിക്കുക. അതേസമയം ക്യാമ്പുകൾ, കോട്ടേജുകൾ തുടങ്ങിയ സെക്കൻഡറി വീടുകൾ വിട്ടുപോകേണ്ടിവന്ന ആളുകൾക്ക് ഈ പ്രോഗ്രാമിന് അർഹതയുണ്ടായിരിക്കില്ല. വീടുകൾ വിട്ടുപോകേണ്ടി വന്ന ആളുകൾക്ക് അവർ എത്ര കാലം വീടുകൾ വിട്ടു നിന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും പണം ലഭിക്കുക.