മൺട്രിയോൾ : ശരത്കാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ച് കെബെക്ക് സർക്കാർ. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി COVID-19 വാക്സിൻ എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്യില്ലെന്ന് സർക്കാർ അറിയിച്ചു. രോഗപ്രതിരോധശേഷി കുറഞ്ഞവർ, 65 വയസും അതിൽ കൂടുതലുമുള്ള ആളുകൾ, ഡയാലിസിസ് ചെയ്യുന്നവർ, ലോങ് ടേം കെയർ ഹോമുകളിലെ താമസക്കാർ, വിദൂര, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്ന മുതിർന്നവർ, ആരോഗ്യപ്രവർത്തകർ, ഗർഭിണികൾ എന്നിവർക്ക് മാത്രമായിരിക്കും ഇനി കോവിഡ്-19 വാക്സിൻ സൗജന്യമായി ലഭിക്കുക. ഇതിൽ ഉൾപ്പെടാത്ത വ്യക്തികൾക്കുള്ള കോവിഡ് വാക്സിൻ ഡോസിന്‍റെ വില 150-180 ഡോളറായിരിക്കും.

കോവിഡ് വാക്സിന് ഒപ്പം പൊതുജനങ്ങൾക്ക് ഇപ്പോൾ ഇൻഫ്ലുവൻസയ്‌ക്കെതിരെ വാക്സിനേഷൻ എടുക്കുന്നതിനുള്ള അപ്പോയിന്റ്മെൻ്റുകളും ബുക്ക് ചെയ്യാം. ആറ് മാസവും അതിൽ കൂടുതലും പ്രായമുള്ള എല്ലാവർക്കും ഇൻഫ്ലുവൻസ വാക്സിൻ സൗജന്യമായി നൽകും. വാക്സിനേഷൻ അപ്പോയിന്റ്മെൻ്റ് ബുക്ക് ചെയ്യുന്നതിന്, ക്ലിക്ക് സാന്റേ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെടണം.