ടൊറൻ്റോ : വരണ്ടതും ചൂടും നിറഞ്ഞ കാലാവസ്ഥയ്ക്ക് ശേഷം ടൊറൻ്റോയിൽ മഴയെത്തുന്നു. ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച മഴ ദിവസം മുഴുവൻ തുടരുമെന്ന് എൻവയൺമെൻ്റ് കാനഡ റിപ്പോർട്ട് ചെയ്തു. 10 മുതൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യും. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. തെക്ക്പടിഞ്ഞാറൻ കാറ്റ് 20 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കും. ഇന്ന് ഉയർന്ന താപനില 21°C ഉം ഈർപ്പത്തിനൊപ്പം 27°C ഉം ആയിരിക്കും. വൈകുന്നേരത്തോടെ സ്ഥിതിഗതികൾ മാറും. രാത്രിയിൽ താപനില 8°C ആയി കുറയും.

ബുധനാഴ്ച മുതൽ മഴ വഴിമാറും. എന്നാൽ, പകൽ സമയത്ത് താപനില കുറവായിരിക്കും. ടൊറൻ്റോയിൽ ബുധനാഴ്ചത്തെ ഉയർന്ന താപനില 15°C ആയിരിക്കുമെന്നും രാത്രിയിൽ താപനില 5°C ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ചത്തെ ഉയർന്ന താപനില 14°C ആയിരിക്കും. തുടർന്ന് ആഴ്ചയുടെ അവസാനം കൂടുതൽ ചൂടാകുമെന്നും വെള്ളിയാഴ്ച താപനില 18°C വരെ എത്തുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു.