ഹാലിഫാക്സ് : നോവസ്കോഷ ലേക്ക് ജോർജ് കാട്ടുതീ നിയന്ത്രണവിധേയമായതായി പ്രവിശ്യാ പ്രകൃതിവിഭവ വകുപ്പ് (DNR) അറിയിച്ചു. കാട്ടുതീ അനിയന്ത്രിതമായി പടർന്നതോടെ കിങ്‌സ് കൗണ്ടിയിൽ നിന്നും ഒഴിപ്പിച്ചവർക്ക് വീടുകളിലേക്ക് മടങ്ങാമെന്നും അധികൃതർ വ്യക്തമാക്കി. 288 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കാട്ടുതീ ബുധനാഴ്ച രാത്രി 8 മണി വരെ നിയന്ത്രണവിധേയമാണെന്ന് DNR റിപ്പോർട്ട് ചെയ്തു. സാഹചര്യങ്ങൾ മാറുന്നില്ലെങ്കിൽ നിലവിൽ കാട്ടുതീ വ്യാപിക്കാൻ സാധ്യതയില്ല, അധികൃതർ പറയുന്നു.

തീപിടുത്തത്തെത്തുടർന്ന് സെപ്റ്റംബർ 29-ന് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ആളുകൾക്ക് നിർദ്ദേശം നൽകി. ഇതുവരെ 353 വീടുകൾ ഒഴിപ്പിച്ചു. നിലവിൽ വീടുകൾക്കോ മറ്റു കെട്ടിടങ്ങൾക്കോ കാട്ടുതീയിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതേസമയം കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ട മുതിർന്നവർക്ക് 3,000 ഡോളറും പ്രായപൂർത്തിയാകാത്തവർക്ക് 1,750 ഡോളറും സാമ്പത്തിക സഹായം നോവസ്കോഷ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോട്ടേജുകൾ, ക്യാമ്പുകൾ തുടങ്ങിയ സെക്കൻഡറി വീടുകൾ വിട്ടുപോകാൻ നിർബന്ധിതരായ ആളുകൾക്ക് ഈ പ്രോഗ്രാമിന് അർഹതയില്ല.