ഓട്ടവ : ക്രിസ്മസിന് സന്ദർശകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ കാനഡ സ്ട്രോങ് പാസ് കാലാവധി നീട്ടി ഫെഡറൽ സർക്കാർ. ക്രിസ്മസ്, പുതുവത്സര അവധിക്കാല സീസണിലും അടുത്ത വേനൽക്കാലത്തും കാനഡ സ്ട്രോങ് പാസ് ഉപയോഗിച്ച് പ്രവിശ്യാ, ടെറിട്ടോറിയൽ മ്യൂസിയങ്ങളിലേക്കും ഗാലറികളിലേക്കും മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കും പ്രവേശിക്കാമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു.

ജൂൺ 20-ന് ആരംഭിച്ച കാനഡ സ്ട്രോങ് പാസ് ഉപയോഗിച്ച് ദേശീയ പാർക്കുകൾ, ദേശീയ ചരിത്ര സ്ഥലങ്ങൾ, സമുദ്ര സംരക്ഷണ മേഖലകൾ എന്നിവയിലേക്ക് പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം ലഭിക്കും. കൂടാതെ 18 നും 24 നും ഇടയിൽ പ്രായമുള്ള കാനഡക്കാർക്ക് മ്യൂസിയങ്ങളിലും ഗാലറികളിലും വളരെ കുറഞ്ഞ നിരക്കിൽ പ്രവേശിക്കുന്നതിന് കാനഡ സ്ട്രോങ് പാസ് സഹായിക്കും. ആഭ്യന്തര വിനോദസഞ്ചാരത്തിന് ഉണർവേകുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ സർക്കാർ കാനഡ സ്ട്രോങ് പാസ് അവതരിപ്പിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ താരിഫ് യുദ്ധത്തിന് മറുപടിയായി കനേഡിയൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലിബറൽ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനമായിരുന്നു ഇത്.

കാനഡ സ്ട്രോങ് പാസിന്‍റെ ആനുകൂല്യങ്ങൾ ഇതാ :
- രാജ്യത്തെ ദേശീയ പാർക്കുകൾ, ചരിത്ര സ്ഥലങ്ങൾ, സമുദ്ര സംരക്ഷണ മേഖലകൾ എന്നിവയിലേക്ക് സൗജന്യ പ്രവേശനം.
- ടെൻ്റ്, ആർവി ക്യാമ്പ്‌സൈറ്റുകൾ, ക്യാബിനുകൾ, യാർട്ടുകൾ പോലുള്ള മേൽക്കൂരയുള്ള താമസസൗകര്യങ്ങൾ, രാത്രികാല ബാക്ക്‌കൺട്രി യാത്രകൾ എന്നിവയുൾപ്പെടെ പാർക്സ് കാനഡയുടെ ക്യാമ്പിങ് ഫീസിൽ 25% കിഴിവ്.
- 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദേശീയ മ്യൂസിയങ്ങളിലേക്കും ഗാലറികളിലേക്കും സൗജന്യ പ്രവേശനം, 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള യുവാക്കൾക്ക് 50% കിഴിവ്.
- 17 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കൊപ്പം സൗജന്യ റെയിൽ ടിക്കറ്റുകൾ, 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള യുവാക്കൾക്ക് 25% കിഴിവ്.
- തിരഞ്ഞെടുത്ത പ്രവിശ്യാ, പ്രാദേശിക മ്യൂസിയങ്ങളിൽ കുട്ടികൾക്ക് സൗജന്യ പ്രവേശനവും 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള യുവാക്കൾക്ക് 50% കിഴിവും.