വാഷിങ്ടൺ : യുഎസിൽ ഷട്ട് ഡൗണ്‍ പരിഹാരമില്ലാതെ രണ്ടാം ആഴ്ചയിലേക്ക് മുന്നേറുമ്പോൾ ട്രംപ് ഭരണകൂടം ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. സെക്യൂരിറ്റി, വിദ്യാഭ്യാസം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ നാലായിരത്തിലധികം ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുക. ട്രഷറി ഡിപ്പാര്‍ട്‌മെന്റിലും ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസിലും മാത്രമായി രണ്ടായിരത്തി അഞ്ഞൂറിൽപ്പരം ജീവനക്കാര്‍ക്ക് നോട്ടീസ് നല്കിയിട്ടുണ്ട്. കൂടാതെ വാണിജ്യം, പരിസ്ഥിതി സംരക്ഷണം, ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്പ്‌മെന്റ് തുടങ്ങിയ വകുപ്പുകളിലും ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസുകള്‍ കൈമാറിയിട്ടുണ്ട്.

അതേസമയം ഫെഡറല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സംഘടനകളും തൊഴിലാളി യൂണിയനുകളും ഈ നീക്കത്തെ ശക്തമായി എതിർത്ത് രംഗത്ത് എത്തി. അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് എംപ്ലോയീസ്, പിരിച്ചുവിടലിനെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചു. രാജ്യത്തെ സുരക്ഷ, ആരോഗ്യം, ദുരന്തസേവനം തുടങ്ങിയ മേഖലകളില്‍ സേവനം നല്‍കുന്ന ജീവനക്കാരെ മനഃപൂര്‍വമായി ദുരിതത്തിലാക്കുകയാണ് ട്രംപ് ഭരണകൂടമെന്ന് സെനറ്റര്‍ ചക്ക് ഷൂമര്‍ ആരോപിച്ചു.