മിസ്സിസാഗ : പീൽ മേഖലയിലുടനീളമുള്ള നിരവധി തപാൽ മോഷണക്കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജരെ നാടുകടത്താൻ സാധ്യത. ക്രെഡിറ്റ് കാർഡുകളും ചെക്കുകളും ഉൾപ്പെടെ നാല് ലക്ഷം ഡോളറിലധികം വിലമതിക്കുന്ന നാനൂറ്റി അമ്പതിലധികം മോഷ്ടിച്ച മെയിലുകൾ പീൽ പോലീസ് കണ്ടെടുത്തതിനെ തുടർന്നാണ് എട്ട് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തത്. മിസ്സിസാഗ സ്വദേശികളായ സുമൻപ്രീത് സിങ് (28), ഗുർദീപ് ചത്ത (29), ജഷൻദീപ് ജട്ടാന (23), ബ്രാംപ്ടൺ സ്വദേശികളായ ഹർമൻ സിങ് (28), ജസൻപ്രീത് സിങ് (21), മൻരൂപ് സിങ് (23), സ്ഥിര വിലാസമില്ലാത്ത രാജ്ബീർ സിങ് (26), ഉപീന്ദർജിത് സിങ് എന്നിവരാണ് മോഷണക്കേസിൽ അറസ്റ്റിലായത്. കുറ്റാരോപിതരായ വിദേശ പൗരന്മാരെ ജുഡീഷ്യൽ പ്രക്രിയയുടെ ഭാഗമായി നാടുകടത്തണോ എന്ന് തീരുമാനിക്കാൻ പീൽ റീജനൽ പൊലീസ് പീൽ ക്രൗൺ അറ്റോർണി ഓഫീസുമായും കാനഡ ബോർഡർ സർവീസസ് ഏജൻസിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് പിആർപി വക്താവ് അറിയിച്ചു.

ഹാല്‍ട്ടണ്‍, പീല്‍ മേഖലകളില്‍ തുടര്‍ച്ചയായി തപാൽ മോഷണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഏപ്രിലിൽ ഹാൽട്ടൺ പൊലീസും കാനഡ പോസ്റ്റുമായി ചേർന്ന് “പ്രൊജക്റ്റ് അൺഡെലിവറബിൾ” എന്ന പേരിൽ ഒരു സംയുക്ത അന്വേഷണം ആരംഭിച്ചു. തുടർന്ന് സെപ്റ്റംബർ 8, 9 തീയതികളിൽ റൈൻബാങ്ക് സ്ട്രീറ്റ്, ബ്രാൻഡൻ ഗേറ്റ് ഡ്രൈവ്, ഡ്വിഗ്ഗിൻ അവന്യൂ, കിട്രിഡ്ജ് ഡ്രൈവ് എന്നിവയുൾപ്പെടെ മിസ്സിസാഗയിലെ ഒന്നിലധികം വീടുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. 255 ചെക്കുകൾ, 182 ക്രെഡിറ്റ് കാർഡുകൾ, 35 ഗവൺമെൻ്റ് തിരിച്ചറിയൽ കാർഡുകൾ, 20 ഗിഫ്റ്റ് കാർഡുകൾ തുടങ്ങിമോഷ്ടിച്ച 465 മെയിലുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി പീൽ പൊലീസ് അറിയിച്ചു. അറസ്റ്റിലായ എട്ട് പേർക്കെതിരെ മോഷണം, മോഷ്ടിച്ച സ്വത്ത് കൈവശം വയ്ക്കൽ എന്നിവയുൾപ്പെടെ 344 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.