ഓട്ടവ : ഭക്ഷ്യജന്യ രോഗമായ സാൽമൊണെല്ലയെ തുടർന്ന് വിവിധ പ്രവിശ്യകളിൽ കൂടുതൽ പിസ്തയും പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. ഒൻ്റാരിയോ, കെബെക്ക്, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ നടന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതെന്നും ഏജൻസി പറയുന്നു. സാൽമൊണെല്ല മലിനീകരണ സാധ്യതയുള്ളതിനാൽ കടകൾ വഴി വിൽക്കുന്നതോ റസ്റ്ററൻ്റുകളോ മറ്റ് വ്യാപാര സ്ഥാപനങ്ങളോ വിതരണം ചെയ്യുന്നതോ ആയ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നുണ്ടെന്ന് ഫെഡറൽ സർക്കാർ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഈ ഉൽപ്പന്നങ്ങൾ കഴിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഫെഡറൽ ഏജൻസി മുന്നറിയിപ്പ് നൽകി.

ഒൻ്റാരിയോ കോളിങ്‌വുഡിലുള്ള ഒരു കടയിൽ നിന്ന് ഓൺലൈനായി വിറ്റ പിസ്തയോടുകൂടിയ ബക്ലാവ, ബക്ലാവ ചീസ്കേക്ക്, ടൊറൻ്റോയിലെ ഒരു കടയിൽ നിന്ന് ഓൺലൈനായി വിറ്റ പാരലെൽ ബ്രാൻഡ് ഹാൽവ പിസ്ത ഡെസേർട്ട്, അല്ലോ സിമോൺ ബ്രാൻഡ് പിസ്ത മച്ച സ്പ്രെഡ് (220 ഗ്രാം) തുടങ്ങിയവയാണ് പുതിയതായി തിരിച്ചു വിളിച്ച ഉൽപ്പന്നങ്ങൾ. കൂടാതെ ഒൻ്റാരിയോയിലും കെബെക്കിലും വിറ്റഴിച്ച അലിമെന്റേഷൻ ഡു കാനഡ വിതരണം ചെയ്യുന്ന ഔൺ ബ്രാൻഡ് പിസ്ത ഹാർട്ട് ഉൽപ്പന്നങ്ങളും തിരിച്ചുവിളിച്ചവയിൽ ഉൾപ്പെടുന്നു. പ്രത്യേക ബ്രാൻഡുകളൊന്നുമില്ലാത്ത, എക്കോളോ ഫുഡ് സർവീസസ് ഒൻ്റാരിയോയിലെ ഹോട്ടലുകൾ, റസ്റ്ററൻ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്ത പിസ്തയും തിരിച്ചു വിളിച്ചിട്ടുണ്ട്. മൂൺലൈറ്റ് ഗ്രോസേഴ്‌സ് അസംസ്കൃത പിസ്ത കേർണലുകൾ, ചൊറോഷ് ഫുഡ്‌സ് മാർക്കറ്റ് പിസ്ത കേർണലുകൾ, ചെസ് ലൂയിസ് ഫ്രൂട്ട്‌സ് ആൻഡ് ലെഗ്യൂംസ് പിസ്ത എന്നിവയും തിരിച്ചുവിളിച്ചതായി ഫെഡറൽ ഏജൻസി അറിയിച്ചു.