വിനിപെഗ് : പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രവിശ്യയിലുടനീളം ഏകദേശം 3,170 ഉപയോക്താക്കൾക്ക് വൈദ്യുതി മുടങ്ങിയതായി മാനിറ്റോബ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച വടക്കൻ, കിഴക്കൻ, പടിഞ്ഞാറൻ മാനിറ്റോബയിലെ പല പ്രദേശങ്ങളിലും ശക്തമായ കാറ്റിലും കനത്ത മഞ്ഞുവീഴ്ചയിലും മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ആദ്യ റിപ്പോർട്ടിൽ പ്രവിശ്യയിലുടനീളം പതിനായിരത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ, വൈദ്യുതി തടസ്സപ്പെട്ടവരുടെ എണ്ണം 4,500 ആയി കുറഞ്ഞിരുന്നു. കഴിയുന്നത്ര സുരക്ഷിതമായും വേഗത്തിലും വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് മാനിറ്റോബ ഹൈഡ്രോ അറിയിച്ചു. പൊട്ടിവീണ വൈദ്യുതി ലൈനുകൾ കണ്ടാൽ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചു.