ടൊറൻ്റോ : ബ്രാംപ്ടണിൽ നിന്ന് ജീപ്പ് കോമ്പസ് വാഹനങ്ങളുടെ ഉത്പാദനം യുഎസിലെ ഇല്ലിനോയയിലേക്ക് മാറ്റാൻ സ്റ്റെല്ലാൻ്റിസ് തീരുമാനിച്ചു. ഭാവി പദ്ധതികൾ പുനഃരവലോകനം ചെയ്യുന്നതിനായി ഫെബ്രുവരിയിൽ ബ്രാംപ്ടൺ പ്ലാൻ്റിലെ ചില പ്രവർത്തനങ്ങൾ കമ്പനി നിർത്തിവെച്ചിരുന്നു. അതേസമയം ബ്രാംപ്ടൺ പ്ലാൻ്റിലെ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിഫോർ ജീപ്പ് കോമ്പസിൻ്റെ ഉത്പാദനം യുഎസിലേക്ക് മാറ്റുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകത്തിലെ നാലാമത്തെ വലിയ കാർ നിർമ്മാതാക്കളായ സ്റ്റെല്ലാൻ്റിസ് ചൊവ്വാഴ്ച അമേരിക്കയിലെ ഉത്പാദനം വർധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 1300 കോടി ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നീക്കം യുഎസിൽ വാഹന ഉത്പാദനം 50% വർധിപ്പിക്കുമെന്നും അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി പറയുന്നു. ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റിലെ ജീപ്പ് ഉൽപ്പാദനം ഇല്ലിനോയയിലെ ബെൽവിഡെർ അസംബ്ലി പ്ലാൻ്റിലേക്ക് മാറ്റുന്നതും ഇതിൽ ഉൾപ്പെടുന്നുവെന്ന് യൂണിഫോർ പറയുന്നു.

ബ്രാംപ്ടൺ അസംബ്ലി പ്ലാൻ്റിലെ തൊഴിലാളികളെ സംരക്ഷിക്കാനും പുതിയ അവസരങ്ങൾ കണ്ടെത്താനും ഫെഡറൽ സർക്കാർ ഒൻ്റാരിയോ സർക്കാരുമായും യൂണിഫോറുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കമ്പനിയുടെ ഈ നീക്കം നിലവിലെ യുഎസ്. തീരുവകളുടെയും വ്യാപാര അനിശ്ചിതത്വത്തിൻ്റെയും ഫലമാണെന്ന് കാർണി കുറ്റപ്പെടുത്തി.