ഓട്ടവ: അക്രമാസക്തരും ആവർത്തിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുമെതിരെ കർശന നടപടിയെടുക്കാൻ പുതിയ ജാമ്യ പരിഷ്കരണ ബിൽ അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. എറ്റോബിക്കോക്കിൽ നടന്ന പരിപാടിക്കിടെ സംസാരിക്കവെ, പുതിയ നിയമനിർമ്മാണം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ലക്ഷ്യം വയ്ക്കുന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തി.
അക്രമാസക്തമായ രീതിയിൽ ആളുകളെ ആക്രമിച്ച് വാഹനം മോഷ്ടിക്കുക, അതിക്രമിച്ച് കടക്കൽ, മനുഷ്യക്കടത്ത്, ലൈംഗിക ആക്രമണങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കനേഡിയൻ സമൂഹങ്ങളിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബില്ലെന്നും കാർണി പറഞ്ഞു. കൂടാതെ ആർസിഎംപിക്ക് 1,000 ഓഫീസർമാരെ നിയമിക്കാൻ ഫെഡറൽ സർക്കാർ പുതിയ ഫണ്ട് അനുവദിക്കുമെന്നും കാർണി പറഞ്ഞു.

പ്രീമിയർമാരുടെയും പൊലീസ് സേനകളുടെയും നിരന്തരമായ സമ്മർദ്ദത്തെത്തുടർന്ന് വരാനിരിക്കുന്ന ബില്ലിൽ ക്രിമിനൽ കോഡിൽ ഇനിപ്പറയുന്ന ഭേദഗതികൾ വരുത്തും:
പ്രധാന കുറ്റകൃത്യങ്ങൾക്ക് “റിവേഴ്സ്-ഓണസ്” ജാമ്യം ഏർപ്പെടുത്തുക
ഒന്നിലധികം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് തുടർച്ചയായി ശിക്ഷ വിധിക്കാൻ അനുവദിക്കുക
ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വീട്ടുതടങ്കൽ അനുവദിക്കാതിരിക്കുക
സംഘടിത മോഷണത്തിന് കൂടുതൽ കഠിനമായ ശിക്ഷകൾ ഏർപ്പെടുത്തുക