കാൽഗറി : ദീപാവലി അടക്കമുള്ള പരമ്പരാഗത സാംസ്കാരിക ആഘോഷങ്ങൾ അടുത്തുവരുന്നതിനാൽ, നഗരപരിധിക്കുള്ളിൽ പെർമിറ്റില്ലാതെ പടക്കങ്ങൾ ഉപയോഗിക്കുന്നതും വിൽക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ച് കാൽഗറി സിറ്റി. ദീപാവലി ഒക്ടോബർ 20 നും സിഖ് ആഘോഷമായ ബന്ദി ചോർ ദിവസ് ഒക്ടോബർ 21 നും നടക്കും. രണ്ട് സാംസ്കാരിക പരിപാടികളിലും വെടിക്കെട്ട് ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2024 ൽ, അനധികൃത വെടിക്കെട്ടുകളുമായി ബന്ധപ്പെട്ട് ആറ് ദിവസത്തിനിടെ ഇരുന്നൂറിലധികം പരാതികൾ ലഭിച്ചതായി കാൽഗറി പൊലീസ് പറയുന്നു. അവയിൽ പലതും സാംസ്കാരിക ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

പെർമിറ്റ് ഇല്ലാതെ പടക്കങ്ങൾ കൈവശം വയ്ക്കുന്നവരിൽ നിന്നും കുറഞ്ഞത് 500 ഡോളർ പിഴ ഈടാക്കും. അതേസമയം പെർമിറ്റില്ലാതെ പടക്കങ്ങൾ ഉപയോഗിക്കുന്നവർക്കുള്ള പിഴത്തുക 250 ഡോളർ ആയിരിക്കും. പെർമിറ്റ് ഇല്ലാതെ പടക്കങ്ങൾ വിൽക്കാൻ കഴിയില്ലെന്നും ആ നിയമലംഘനത്തിന് കുറഞ്ഞത് 250 ഡോളർ പിഴ ചുമത്തുമെന്നും കാൽഗറി സിറ്റി അറിയിച്ചു. എല്ലാ നിയമലംഘനങ്ങൾക്കും നാഷണൽ ഫയർ കോഡ് പ്രകാരം അധിക പിഴകളും ജയിൽ ശിക്ഷയും വരെ ലഭിക്കാം.