ഓട്ടവ : സെപ്റ്റംബറിൽ പുതിയ വീടുകളുടെ നിർമ്മാണം വർധിച്ചതായി കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ റിപ്പോർട്ട് ചെയ്തു. ഭവന നിർമ്മാണ വാർഷിക നിരക്ക് ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 14% വർധനയാണ് രേഖപ്പെടുത്തിയത്. പുതിയ വീടുകളുടെ നിർമ്മാണം ഓഗസ്റ്റിലെ 244,543 യൂണിറ്റുകളിൽ നിന്നും 279,234 യൂണിറ്റുകളായി വർധിച്ചു. മൺട്രിയോളിലും ടൊറൻ്റോയിലും പുതിയ വീടുകളുടെ നിർമ്മാണം വർധിച്ചതാണ് ഇതിന് കാരണമെന്നും ഏജൻസി പറയുന്നു. 10,000 അല്ലെങ്കിൽ അതിൽ കൂടുതൽ ജനസംഖ്യയുള്ള കനേഡിയൻ നഗരങ്ങളിലെ ഭവന നിർമ്മാണ വാർഷിക നിരക്ക് ഓഗസ്റ്റിലെ 219,408 ൽ നിന്ന് 16% വർധിച്ച് 254,345 ആയതായും ഏജൻസി അറിയിച്ചു.

10,000 അല്ലെങ്കിൽ അതിൽ കൂടുതൽ ജനസംഖ്യയുള്ള കേന്ദ്രങ്ങൾക്കായി സെപ്റ്റംബറിൽ യഥാർത്ഥ ഭവന നിർമ്മാണം ആരംഭിച്ചത് 22,375 യൂണിറ്റുകളാണെന്നും 2024 സെപ്റ്റംബറിൽ ഇത് 18,806 ആയിരുന്നെന്നും സിഎംഎച്ച്സി പറയുന്നു. വർഷം തോറും ആകെ 178,033 യൂണിറ്റുകൾ ആരംഭിച്ചതായും 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ച് ശതമാനം വർധനവുണ്ടെന്നും സിഎംഎച്ച്സി അറിയിച്ചു.