ടൊറൻ്റോ : മറ്റ് പ്രവിശ്യകളിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധർക്ക് ഒൻ്റാരിയോയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കാൻ നിയമനിർമ്മാണം അവതരിപ്പിക്കുമെന്ന് തൊഴിൽമന്ത്രി ഡേവിഡ് പിച്ചിനി പ്രഖ്യാപിച്ചു. നിലവിൽ ഡോക്ടർമാർ, നഴ്‌സുമാർ, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ, മെഡിക്കൽ ലാബ് ടെക്‌നോളജിസ്റ്റുകൾ എന്നിവർക്ക് പ്രവിശ്യയിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ജോലി ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് ദന്തഡോക്ടർമാർ, മെഡിക്കൽ റേഡിയേഷൻ, ഇമേജിങ് ടെക്‌നോളജിസ്റ്റുകൾ, മിഡ്‌വൈഫുകൾ, ഒപ്‌റ്റോമെട്രിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ എന്നിവരുൾപ്പെടെ 16 ആരോഗ്യ വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒൻ്റാരിയോയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റ് പ്രവിശ്യകളിലെയും പ്രദേശങ്ങളിലെയും ആരോഗ്യപ്രവർത്തകർക്ക് അപേക്ഷാ ഫീസ്, ഡോക്യുമെന്റേഷൻ മാനദണ്ഡങ്ങൾ, സമയപരിധി എന്നിവ കുറയ്ക്കുന്നതിന് കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് ഒൻ്റാരിയോ, കോളേജ് ഓഫ് നഴ്‌സസ് ഓഫ് ഒൻ്റാരിയോ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രി സിൽവിയ ജോൺസ് അറിയിച്ചു. അമേരിക്കൻ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പ്രവിശ്യയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.