ഓട്ടവ : യുഎസ് താരിഫുകളുടെ ആശങ്കയ്ക്കിടയിലും നാല് വർഷത്തിന് ശേഷം ആദ്യമായി സെപ്റ്റംബറിൽ കാനഡയിലെ വീടുകളുടെ വിൽപ്പന വർധിച്ചതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ (CREA) റിപ്പോർട്ട് ചെയ്തു. വീടുകളുടെ വിൽപ്പന ഒരു വർഷം മുമ്പത്തേതിനേക്കാൾ 5.2% വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം രാജ്യത്തുടനീളം 39,700 വീടുകളുടെ വിൽപ്പന നടന്നു. 2024 സെപ്റ്റംബറിൽ ഇത് 37,721 ആയിരുന്നു. എന്നാൽ, തുടർച്ചയായ അഞ്ച് പ്രതിമാസ വർധനയുയുടെ ഒരു പരമ്പര അവസാനിപ്പിച്ച് കഴിഞ്ഞ മാസം വാർഷികാടിസ്ഥാനത്തിൽ വീടുകളുടെ വിൽപ്പന വർധിച്ചെങ്കിലും ഓഗസ്റ്റിനെ അപേക്ഷിച്ച് 1.7% കുറഞ്ഞതായും ഏജൻസി പറയുന്നു.

അതേസമയം, ദേശീയ തലത്തിൽ വീടുകളുടെ ശരാശരി വില സെപ്റ്റംബറിൽ മുൻ വർഷത്തെ അപേക്ഷിച്ച് 0.7% വർധിച്ച് 676,154 ഡോളറായി. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ പുതിയ ലിസ്റ്റിങ്ങുകൾ 0.8% കുറഞ്ഞു. മാസാവസാനം കാനഡയിലുടനീളം വിൽപ്പനയ്ക്കായി 199,772 പ്രോപ്പർട്ടികൾ ലിസ്റ്റ് ചെയ്തു, ഒരു വർഷം മുമ്പത്തേതിനേക്കാൾ 7.5% വർധന.

2024-നെ അപേക്ഷിച്ച് 1.1% മാത്രം ഇടിവിൽ 2025-ൽ മൊത്തം 473,093 വീടുകൾ വിൽക്കുമെന്നും CREA പ്രവചിക്കുന്നു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വിൽപ്പന കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലെ നേട്ടങ്ങൾ ഈ കുറവ് നികത്തുമെന്നും ഏജൻസി പറയുന്നു. 2026-ൽ ദേശീയ ഭവന വിൽപ്പന 7.7% വർധിച്ച് 509,479 ആയി ഉയരുമെന്ന് CREA പ്രവചിക്കുന്നു. കൂടാതെ ദേശീയ ശരാശരി ഭവന വില 2025 ൽ നിന്ന് 3.2% വർധിച്ച് അടുത്ത വർഷം 698,622 ഡോളറാകുമെന്നും പ്രതീക്ഷിക്കുന്നു.