ഫ്രെഡറിക്ടൺ : കനേഡിയൻ അതിർത്തി വഴി യുഎസിലേക്ക് അനധികൃത മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് ഒൻ്റാരിയോ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ന്യൂബ്രൺസ്വിക് ആർസിഎംപി അറിയിച്ചു. ഏപ്രിൽ 15-ന് ന്യൂബ്രൺസ്വിക്കിലെ ഗ്രാൻഡ് ഫോൾസിനു ചൈനീസ് പൗരൻ കാനഡയിൽ നിന്നും യുഎസിലേക്ക് അനധികൃതമായി കടന്നതുമായുള്ള അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലായത്.

സംഭവം യുണൈറ്റഡ് സ്റ്റേറ്റ്സ് ബോർഡർ പട്രോൾ ന്യൂബ്രൺസ്വിക് ആർസിഎംപിയിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് ആർസിഎംപി, കാനഡ ബോർഡർ സർവീസസ് ഏജൻസി, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ സംയുക്തമായി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ചൈനീസ് പൗരന്മാരെ കാനഡയിൽ നിന്നും യുഎസിലേക്ക് കടത്തുന്ന മൂന്ന് പേരെ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് ഒൻ്റാരിയോ ആർസിഎംപിയുടെ സഹായത്തോടെ ന്യൂബ്രൺസ്വിക് ആർസിഎംപി ഒക്ടോബർ 7-ന് ടൊറൻ്റോ സ്വദേശികളായ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണെന്നും കൂടുതൽ ആളുകൾ ഉൾപ്പെടുന്ന ഒരു വലിയ ശൃംഖലയുടെ ഭാഗമാണിവരെന്നും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതിർത്തിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയാൽ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെയോ ക്രൈം സ്റ്റോപ്പേഴ്‌സിനെയോ 1-800-222-TIPS (8477) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് RCMP അഭ്യർത്ഥിച്ചു.