ഹാലിഫാക്സ് : നോവസ്കോഷ പിക്റ്റൗ കൗണ്ടിയിൽ നിന്നും അഞ്ച് മാസം മുമ്പ് കാണാതായ സഹോദരങ്ങളായ ലില്ലി, ജാക്ക് സള്ളിവൻ എന്നിവരെ തിരയുന്നതിനായി സന്നദ്ധപ്രവർത്തക സംഘം എത്തുന്നു. ഇരുവരെയും കണ്ടെത്തുക എന്നതാണ് ഏറ്റവും പരമമായ ലക്ഷ്യം, പ്ലീസ് ബ്രിങ് മി ഹോം എന്ന സംഘടനയുടെ സഹസ്ഥാപകൻ നിക്ക് ഓൾഡ്രീവ് പറഞ്ഞു. പിക്റ്റൗ കൗണ്ടിയിലെ ലാൻസ്‌ഡൗൺ സ്റ്റേഷനിലെ ഗെയ്‌ർലോച്ച് റോഡിലുള്ള വീട്ടിൽ നിന്നും ഏപ്രിൽ രണ്ട് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആറ് വയസ്സുകാരി ലില്ലി സള്ളിവനും നാല് വയസ്സുള്ള സഹോദരൻ ജാക്കിനെയും കാണാതായത്.

കുട്ടികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത് മുതൽ ആയിരത്തോളം സൂചനകൾ, 8,060 വിഡിയോ ഫയലുകൾ, ഫോറൻസിക് പരിശോധന എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ വിവരങ്ങൾ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആർസിഎംപി അറിയിച്ചു. സെപ്റ്റംബറിൽ, കുട്ടികളുടെ വീടിനടുത്തുള്ള 40 കിലോമീറ്റർ പ്രദേശത്ത് തിരച്ചിൽ നടത്താൻ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേകം പരിശീലനം ലഭിച്ച രണ്ട് പൊലീസ് നായ്ക്കളെ കൊണ്ടുവന്നു. കഴിഞ്ഞ ആഴ്ച, ആ നായ്ക്കൾ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ആർസിഎംപി റിപ്പോർട്ട് ചെയ്തു.