കീവ് : യുക്രെയ്നിൽ ആക്രമണം ശക്തമാക്കി റഷ്യ. ഡോബ്രോപ്പിലിയ മേഖലയില്‍ റഷ്യന്‍ സൈന്യം കവചിത വാഹനങ്ങളിലെത്തി ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡൻ്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. കിഴക്കന്‍ യുക്രെയ്നിലാണ് റഷ്യയുടെ വ്യാപകമായ ആക്രമണം നടക്കുന്നത്. റഷ്യന്‍ ആക്രമണത്തെ തങ്ങള്‍ തടുത്തതായി വ്‌ളോഡിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. റഷ്യയുടെ ഒമ്പത് കവചിത വാഹനങ്ങള്‍ നശിപ്പിച്ചതായി യുക്രെയ്ൻ സൈന്യം വ്യക്തമാക്കി.

ഡോബ്രോപ്പിലിയയുടെ കിഴക്കന്‍ മേഖല പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുടെ ആരോപണം. റഷ്യന്‍ സൈനിക നീക്കത്തിനു പിന്നാലെ ഈ മേഖലയില്‍ യുക്രെയ്ൻ സൈന്യം പ്രതിരോധം കൂടുതല്‍ ശക്തമാക്കി. റഷ്യയുടെ ആക്രമണത്തിനെതിരേ യുക്രയിന്‍ ശക്തമായ തിരിച്ചടി നൽകുമെന്ന് വ്‌ളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. യുക്രെയ്‌നിൽ നിന്ന് റഷ്യയിലേക്ക് എത്താൻ കഴിവുള്ള യുഎസ് ദീർഘദൂര ടോമാഹോക്ക് മിസൈലുകൾ നൽകണമെന്ന് വ്‌ളോഡിമിര്‍ സെലന്‍സ്‌കി യുഎസിനോട് അഭ്യർത്ഥിച്ചിരുന്നു.