ഓട്ടവ : ഇന്ധനവില വർധനയെ തുടർന്ന് സെപ്റ്റംബറിൽ പണപ്പെരുപ്പം ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഒക്ടോബർ അവസാനം ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് തീരുമാനം വരാനിരിക്കെ സ്റ്റാറ്റിസ്റ്റിക്സ് കാനഡ കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്ക് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്യും. ഒക്ടോബർ 29 ന് ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് തീരുമാനത്തിന് മുമ്പുള്ള അവസാനത്തെ പ്രധാന സാമ്പത്തിക റിലീസായിരിക്കും ചൊവ്വാഴ്ചത്തെ പണപ്പെരുപ്പ റിപ്പോർട്ട്.

ഓഗസ്റ്റിൽ വാർഷിക പണപ്പെരുപ്പം 1.9 ശതമാനമായിരുന്നു. എന്നാൽ, സെപ്റ്റംബറിൽ വാർഷിക പണപ്പെരുപ്പം 2.2 ശതമാനമായി ഉയരുമെന്ന് എൽഎസ്ഇജി ഡാറ്റ & അനലിറ്റിക്സ് പ്രകാരം, സാമ്പത്തിക വിദഗ്ധർ പറയുന്നു. അതേസമയം വാർഷിക പണപ്പെരുപ്പ നിരക്ക് 2.4 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യാപിറ്റൽ ഇക്കണോമിക്‌സിലെ ഡെപ്യൂട്ടി ചീഫ് സ്റ്റീഫൻ ബ്രൗൺ പറയുന്നു. സെപ്റ്റംബറിൽ പെട്രോൾ വില മാസംതോറും ഉയർന്നതിനാൽ പണപ്പെരുപ്പം 2.2 ശതമാനമായി വർധിക്കുമെന്ന് ബിഎംഒ ക്യാപിറ്റൽ മാർക്കറ്റ്സിലെ മാക്രോ സ്ട്രാറ്റജിറ്റായ ബെഞ്ചമിൻ റീറ്റ്‌സെസും പ്രവചിക്കുന്നു.
