മോങ്ക്ടൺ : ന്യൂബ്രൺസ്വിക് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിനായുള്ള മത്സരത്തിൽ ആദ്യ സ്ഥാനാർത്ഥിയായി മുൻ പ്രവിശ്യാ കാബിനറ്റ് മന്ത്രി ഡാനിയേൽ അലെയ്ൻ. ശനിയാഴ്ച ന്യൂബ്രൺസ്വിക്കിലെ മോങ്ക്ടണിൽ നടന്ന പരിപാടിയിൽ അദ്ദേഹം തന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. നിലവിലെ ഇടക്കാല നേതാവ് ഗ്ലെൻ സാവോയി ജൂണിൽ പാർട്ടിയുടെ നേതൃത്വത്തിലേക്ക് മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഡാനിയേൽ അലെയ്ൻ മത്സരരംഗത്തേക്ക് എത്തിയത്. 2026 ഒക്ടോബറിൽ പ്രോഗ്രസീവ് കൺസർവേറ്റീവുകൾ പുതിയ പ്രവിശ്യാ നേതാവിനെ തിരഞ്ഞെടുക്കും.

2024 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് പാർട്ടി പുനർനിർമ്മിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ മത്സരിക്കുന്നതെന്ന് മോങ്ക്ടൺ ഈസ്റ്റിലെ മുൻ നിയമസഭാ അംഗം പറഞ്ഞു. 49 സീറ്റുകളുള്ള നിയമസഭയിൽ നിലവിൽ ടോറികൾക്ക് 16 സീറ്റുകളാണുള്ളത്. മറ്റൊരു മുൻ ടോറി കാബിനറ്റ് മന്ത്രിയായ ക്രിസ് ഓസ്റ്റിനും മത്സരരംഗത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
