ഹാലിഫാക്സ് : പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീക്ക് കാരണക്കാരനായ യുവാവിന് പിഴ ചുമത്തി നോവസ്കോഷ സർക്കാർ. 2023-ലെ വേനൽക്കാലത്ത് ആയിരക്കണക്കിന് ഹെക്ടർ ഭൂമി നശിപ്പിക്കുകയും വീടുകൾ കത്തിനശിക്കുകയും ചെയ്ത ബാരിംഗ്ടൺ ലേക്ക് കാട്ടുതീയ്ക്ക് കാരണക്കാരനായ ഡാൽട്ടൺ സ്റ്റുവർട്ടിനാണ് 25,000 ഡോളർ പിഴ ചുമത്തിയത്.

ബാരിംഗ്ടൺ ലേക്കിന് സമീപം സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയായിരുന്ന ഡാൽട്ടൺ ടയർ കത്തിച്ചതായും ഈ തീ കത്തിപ്പടർന്നതായും കണ്ടെത്തിയിരുന്നു. 23,000 ഹെക്ടർ ഭൂപ്രദേശത്ത് പടർന്ന കാട്ടുതീ കാരണം 6,000 ആളുകളെ ഒഴിപ്പിച്ചിരുന്നു. 60 വീടുകളും കോട്ടേജുകളും 150 മറ്റു കെട്ടിടങ്ങളും കാട്ടുതീയിൽ കത്തിനശിച്ചിരുന്നു. ഉടമയുടെ അനുമതിയില്ലാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിൽ തീ കത്തിച്ചതിനും, തീ പടരുന്നത് തടയാൻ ശ്രമം നടത്താത്തതിനുമാണ് 23 വയസ്സുള്ള ഡാൽട്ടൺ സ്റ്റുവർട്ടിന് പിഴ ചുമത്തിയത്.
