വാഷിങ്ടൺ : യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് 25% തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. കൂടാതെ ഇറക്കുമതി ചെയ്യുന്ന ട്രാൻസിറ്റ്, സ്‌കൂൾ ബസുകൾക്കും മോട്ടോർ കോച്ചുകൾക്കും 10% തീരുവയും നിശ്ചയിച്ചിട്ടുണ്ട്. ആഭ്യന്തര വാഹന നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ട്രംപിന്റെ ഏറ്റവും പുതിയ ശ്രമമാണ് പുതിയ താരിഫുകൾ.

വടക്കേ അമേരിക്കൻ സ്വതന്ത്ര വ്യാപാര നിയമങ്ങൾ പ്രകാരം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഓട്ടോ പാർട്‌സുകളെ ഈ താരിഫിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ബസുകളുടെ 10% താരിഫിന് CUSMA ഇളവ് ബാധകമല്ല. അതേസമയം CUSMA നിയമങ്ങൾ പ്രകാരം കാനഡയിൽ നിർമ്മിച്ച് യുഎസിലേക്ക് കയറ്റിയയക്കുന്ന മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകൾക്ക് യുഎസ് ഇതര ഘടകങ്ങളുടെ തീരുവ മാത്രമേ നേരിടേണ്ടിവരൂ എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
