കാൽഗറി : പുതിയ മേയറെ തിരഞ്ഞെടുക്കാൻ കാൽഗറി നിവാസികൾ ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പോളിങ് രാത്രി എട്ടു വരെ തുടരും. 14 വാർഡുകൾ, സ്കൂൾ ബോർഡ് ട്രസ്റ്റികൾ, മേയറുടെ സീറ്റ് എന്നിവ ഉൾക്കൊള്ളുന്ന കാൽഗറി നഗരത്തിലെ വോട്ടിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. മേയർ മത്സരത്തിലെ മുൻനിരക്കാരിൽ നിലവിലെ മേയർ ജ്യോതി ഗോണ്ടെക്, ജെറോമി ഫാർക്കസ്, സോന്യ ഷാർപ്പ് എന്നിവരും ഉൾപ്പെടുന്നു. പതിനാല് വാർഡുകളിൽ ഏഴെണ്ണത്തിൽ തിരഞ്ഞെടുപ്പിന് ശേഷം പുതിയ പ്രതിനിധികൾ ഉണ്ടാകും. ശേഷിക്കുന്ന വാർഡുകളിലെ നാല് നിലവിലെ സ്ഥാനാർത്ഥികൾ ഒരു പാർട്ടി ബാനറിന് കീഴിലാണ് മത്സരിക്കുന്നത്. മുനിസിപ്പൽ ഇലക്ഷനു മുന്നോടിയായുള്ള ആറ് ദിവസത്തെ മുൻകൂർ വോട്ടിങ് കാലയളവിൽ ഏകദേശം 96,500 പേർ വോട്ട് രേഖപ്പെടുത്തിയതായി ഇലക്ഷൻസ് കാൽഗറി അറിയിച്ചു.

മേയർ തിരഞ്ഞെടുപ്പ് ഫലങ്ങൾ രാത്രിയിൽ അറിയാൻ കഴിയുമെന്ന് റിട്ടേണിങ് ഓഫീസർ കേറ്റ് മാർട്ടിൻ അറിയിച്ചു. എന്നാൽ, ബാലറ്റ് എണ്ണുന്നതിൽ വന്ന പുതിയ നിയമങ്ങളെ തുടർന്ന് കൗൺസിലർ, സ്കൂൾ ബോർഡ് ട്രസ്റ്റി തിരഞ്ഞെടുപ്പ് ഫലങ്ങൾ വൈകുമെന്നും കേറ്റ് മാർട്ടിൻ പറയുന്നു. 2024-ൽ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (യുസിപി) സർക്കാർ കൊണ്ടു വന്ന നിയമം അനുസരിച്ച്, എല്ലാ ബാലറ്റുകളും യന്ത്രങ്ങൾക്ക് പകരം കൈകൊണ്ടാണ് എണ്ണിത്തിട്ടപ്പെടുത്തുന്നതിനാലാണ് ഈ കാലതാമസം നേരിടുന്നത്.
