ടൊറൻ്റോ : പ്രവിശ്യയിലുടനീളമുള്ള മുനിസിപ്പാലിറ്റികളിൽ ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്‌സ്‌മെൻ്റ് (ASE) കാമറകൾ (സ്പീഡ് കാമറകൾ) നിരോധിക്കുന്ന നിയമനിർമ്മാണം അവതരിപ്പിച്ച് ഒൻ്റാരിയോ സർക്കാർ. പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നതാണ് സ്പീഡ് കാമറകൾ നിരോധനം.

പ്രീമിയർ ഡഗ് ഫോർഡ് കഴിഞ്ഞ മാസം സ്പീഡ് കാമറകൾ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കാമറകൾ ഒരുതരം ‘നികുതി പിരിവ്’ മാത്രമാണെന്നും അവ ഒഴിവാക്കാൻ മുനിസിപ്പാലിറ്റികൾ തയ്യാറായില്ലെങ്കിൽ താൻ ഇടപെട്ട് അവ നീക്കം ചെയ്യുമെന്നും ഫോർഡ് പറഞ്ഞിരുന്നു. എന്നാൽ പ്രവിശ്യയിലുടനീളമുള്ള നിരവധി സംഘടനകളും പ്രാദേശിക പൊലീസ് മേധാവികൾ, സ്പീഡ് കാമറകൾ ഉപയോഗിക്കുന്ന ഒന്നിലധികം മുനിസിപ്പാലിറ്റികളുടെ മേയർമാർ എന്നിവരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്‌സ്‌മെൻ്റ് (ASE) കാമറകൾ നിരോധിക്കാനുള്ള പദ്ധതി പിൻവലിക്കണമെന്ന ആവശ്യവുമായി ഒൻ്റാരിയോ സ്കൂൾ ബോർഡുകളും രംഗത്ത് എത്തിയിരുന്നു.
