ഓട്ടവ : ഇന്ധനവിലയിലെ വാർഷിക മാറ്റങ്ങളും ഗ്രോസറി സാധനങ്ങളുടെ വിലക്കയറ്റവും കാരണം സെപ്റ്റംബറിൽ പണപ്പെരുപ്പം 2.4 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ മറികടന്ന് ഓഗസ്റ്റിലെ 1.9% വാർഷിക പണപ്പെരുപ്പത്തിൽ നിന്ന് അര ശതമാനം പോയിൻ്റിന്‍റെ വർധനയാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 29 ന് ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് തീരുമാനത്തിന് മുമ്പുള്ള അവസാനത്തെ പ്രധാന സാമ്പത്തിക റിലീസാണ് ഇന്നത്തെ പണപ്പെരുപ്പ റിപ്പോർട്ട്.

സെപ്റ്റംബറിൽ ഇന്ധനവില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. എന്നാൽ, ഇന്ധനവില കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് കുത്തനെ കുറഞ്ഞിട്ടുണ്ട്. അതേസമയം, സെപ്റ്റംബറിൽ ഗ്രോസറി സാധനങ്ങളുടെ വിലകൾ പ്രതിവർഷം നാല് ശതമാനം വർധിച്ചു. ഓഗസ്റ്റിലെ 3.5 ശതമാനത്തിൽ നിന്നും അര പോയിൻ്റ് വർധനയും ഉണ്ടായി. പുതിയ പച്ചക്കറികൾ, പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവയുടെ വില വർധനയാണ് ഗ്രോസറി ബില്ലുകളിലെ വർധനയ്ക്ക് കാരണമെന്ന് ഫെഡറൽ ഏജൻസി പറയുന്നു. എന്നാൽ, ബീഫ്, കാപ്പി എന്നിവയുടെ ലഭ്യതക്കുറവും ഭക്ഷ്യ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ഏജൻസി അറിയിച്ചു.
