ഓട്ടവ : അടുത്ത വർഷം നടക്കുന്ന എൻഡിപി നേതൃത്വമത്സരത്തിലെ ഔദ്യോഗിക സ്ഥാനാർത്ഥികൾ ഇന്ന് ആദ്യമായി വോട്ടർമാരുടെ മുന്നിലേക്ക് എത്തും. കനേഡിയൻ ലേബർ കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിക്ക് സിഎൽസി പ്രസിഡൻ്റ് ബിയ ബ്രൂസ്‌കെ നേതൃത്വം നൽകും. സിഎൽസി തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടി ഇന്ന് വൈകുന്നേരം 6 മണിക്ക് ഓട്ടവയിൽ ആരംഭിക്കും. ഡോക്യുമെന്‍ററി ചലച്ചിത്ര നിർമ്മാതാവ് അവി ലൂയിസ്, ആൽബർട്ട എംപി ഹീതർ മക്ഫെർസൺ, യൂണിയൻ ലീഡർ റോബ് ആഷ്ടൺ, ബിസി സിറ്റി കൗൺസിലർ ടാനിൽ ജോൺസ്റ്റൺ, ജൈവ കർഷകൻ ടോണി മക്വയിൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. അതേസമയം നേതൃത്വ മത്സരത്തിലെ ആദ്യ ഔപചാരിക സംവാദം നവംബർ അവസാനത്തോടെ മൺട്രിയോളിൽ നടക്കും. മാർച്ച് 29-ന് വിനിപെഗിൽ നടക്കുന്ന വാർഷിക കൺവെൻഷനിൽ ന്യൂ ഡെമോക്രാറ്റുകൾ അവരുടെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കും.

ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ മുൻ ലീഡർ ജഗ്മീത് സിങ് രാജിവെച്ചിരുന്നു. തുടർന്ന് എംപി ഡോൺ ഡേവീസ് ഇടക്കാല നേതാവായി ചുമതലയേറ്റു. ഏപ്രിൽ തിരഞ്ഞെടുപ്പിൽ പാർട്ടി ഹൗസ് ഓഫ് കോമൺസിൽ വെറും ഏഴ് സീറ്റുകളായി ചുരുങ്ങി. അതോടെ അംഗീകൃത പാർട്ടി പദവിയും പാർട്ടിക്ക് നഷ്ടപ്പെട്ടു.
