നയാഗ്ര ഫോൾസ് : ബ്രാംപ്ടണിൽ നടന്ന കൊലപാതകത്തിലും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ഉൾപ്പെട്ട പ്രതി നയാഗ്ര ഫോൾസിൽ പൊലീസ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘർഷത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ നഗരത്തിലെ തോറോൾഡ് സ്റ്റോൺ-മോൺട്രോസ് റോഡുകളുടെ ഇന്‍റർസെക്ഷനിലുള്ള പെട്രോൾ പമ്പിലാണ് സംഭവം. പമ്പിൽ പ്രതി സഞ്ചരിച്ചിരുന്ന വാഹനം കണ്ടെത്തിയതിനെ തുടർന്ന് നടന്ന സംഘർഷമാണ് വെടിവെപ്പിലും 38 വയസ്സുള്ള ആന്‍റണി ഡെഷെപ്പറിന്‍റെ കൊലപാതകത്തിലും കലാശിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ ക്വീൻ സ്ട്രീറ്റ് ഈസ്റ്റിലെ എയർപോർട്ട് റോഡിന് സമീപമുള്ള സ്ട്രിപ്പ് മാളിന്‍റെ പാർക്കിങ് സ്ഥലത്ത് യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്‍റണി ഡെഷെപ്പർ. ബ്രാംപ്ടണിൽ നിന്ന് കാണാതായ ഒരു വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് ആന്‍റണി.

അന്വേഷണത്തിന്‍റെ ഭാഗമായി നയാഗ്ര പൊലീസ് ഫോർട്ട് എറിയിലെ ക്രിസ്റ്റൽ ബീച്ചിൽ ഒരു ഷെൽട്ടർ-ഇൻ-പ്ലേസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രതി പ്രദേശം വിട്ടുപോയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെത്തുടർന്ന് ആ ഉത്തരവ് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആളുകൾ മരിക്കുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്ത പൊലീസ് ഉൾപ്പെട്ട സംഭവങ്ങൾ അന്വേഷിക്കുന്ന സ്വതന്ത്ര സിവിലിയൻ ഏജൻസിയാണ് SIU.
