ടൊറൻ്റോ : ഒൻ്റാരിയോയിൽ ഇത്തവണത്തെ ശൈത്യകാലം കടക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. പ്രവിശ്യയുടെ മറ്റു ഭാഗങ്ങളിൽ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുമ്പോൾ തെക്കൻ ഒൻ്റാരിയോയിൽ സൗമ്യമായ, ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ജനുവരിയിൽ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനത്തിലുണ്ട്. ലാ നിന പ്രതിഭാസം കാരണം ശൈത്യകാലത്തിന്‍റെ ആദ്യ പകുതി രണ്ടാം പകുതിയേക്കാൾ വളരെ വ്യത്യസ്തമാരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷക നതാഷ റാംസഹായ് പറയുന്നു.

ഔദ്യോഗിക കാലാവസ്ഥാ പ്രവചനം അനുസരിച്ച് നവംബർ മുതൽ ജനുവരി വരെ കനത്ത മഞ്ഞുവീഴ്ചയും തണുപ്പും അനുഭവപ്പെടും. എന്നാൽ, അതിനുശേഷം കാര്യങ്ങൾ മാറിയേക്കാമെന്നും കാലാവസ്ഥാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ശൈത്യകാല പ്രവചനം മാറ്റത്തിന് വിധേയമാണ്, പ്രത്യേകിച്ച് കാനഡയിൽ. ഇവിടെ കണക്കിലെടുക്കേണ്ട നിരവധി വ്യത്യസ്ത ഘടകങ്ങൾ ഉണ്ട്. കാനഡ വളരെ വലുതായതിനാൽ, കിഴക്ക് പടിഞ്ഞാറിനേക്കാൾ വളരെ വ്യത്യസ്തമായിരിക്കും, മധ്യ കാനഡയേക്കാൾ വളരെ വ്യത്യസ്തമായിരിക്കുമെന്ന് നതാഷ റാംസഹായ് അറിയിച്ചു. അതേസമയം ക്രിസ്മസ് സമയത്ത് കനത്ത മഞ്ഞുവീഴ്ചയോ തണുപ്പോ പ്രവചിക്കാൻ സാധിക്കുന്നില്ലെന്ന് അവർ പറയുന്നു. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്ന പ്രവണതയാണ് ഇതിന് കാരണമായി നതാഷ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും താപനില ഉയരുന്നതും കാരണം തണുത്തുറഞ്ഞ ക്രിസ്മസിനുള്ള സാധ്യത കുറയുന്നതായി അവർ വ്യക്തമാക്കി.
