മൺട്രിയോൾ : നവംബർ 1, 8, 9 തീയതികളിൽ സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോളിലെ (STM) ബസ് ഡ്രൈവർമാർ, സബ്‌വേ ഓപ്പറേറ്റർമാർ, സ്റ്റേഷൻ അറ്റൻഡന്റുകൾ, ഡ്രൈവർമാർ എന്നിവർ പണിമുടക്കും. 38 വർഷത്തിനിടെ ആദ്യമായാണ് കരാർ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് 4,500 എസ്ടിഎം ജീവനക്കാർ പണിമുടക്കുന്നതെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) പറയുന്നു.

STM മായി തുടർച്ചയായി നടത്തിയ ചർച്ചയ്ക്കും കരാറിലെത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇതോടെ പണിമുടക്ക് മാത്രമാണ് ഏക പോംവഴിയെന്ന് യൂണിയൻ പ്രസിഡൻ്റ് ഫ്രെഡറിക് തെറിയൻ പറയുന്നു. വേതന വർധന, ശമ്പളം, കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കൽ, ജോലി സമയക്രമം തുടങ്ങിയ വിഷയങ്ങളിൽ നൂറിലധികം തവണ സൊസൈറ്റി ഡി ട്രാൻസ്പോർട്ട് ഡി മൺട്രിയോളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും യൂണിയൻ പ്രസിഡൻ്റ് അറിയിച്ചു. ഈ പണിമുടക്ക് ഫലം കണ്ടില്ലെങ്കിൽ, സമരം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
