ഓട്ടവ : കോൾ സെൻ്ററുകളിലെ മോശം സേവനത്തിന്‍റെയും കൃത്യതയില്ലാത്ത വിവരങ്ങളുടെയും പേരിൽ കാനഡ റവന്യൂ ഏജൻസി (CRA) കടുത്ത വിമർശനം നേരിടുന്നു. ഓഡിറ്റർ ജനറൽ കാരൻ ഹോഗന്‍റെ പുതിയ റിപ്പോർട്ടിൽ കാനഡ റവന്യൂ ഏജൻസിക്കെതിരെ രൂക്ഷവിമർശനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. CRA-യുടെ ചാറ്റ്‌ബോട്ടിൻ്റെ കാര്യക്ഷമതയിലും ഓഡിറ്റർ ജനറൽ കാരൻ ഹോഗൻ ആശങ്ക പ്രകടിപ്പിച്ചു.

2024–25-ൽ, CRA നിശ്ചയിച്ച 15 മിനിറ്റ് സമയപരിധിക്കുള്ളിൽ മറുപടി നൽകിയത് മൊത്തം കോളുകളുടെ 18 ശതമാനത്തിന് മാത്രമാണ്. ലക്ഷ്യമിട്ട 65 ശതമാനത്തേക്കാൾ വളരെ കുറവാണിത്. ജൂണിൽ അഞ്ച് ശതമാനത്തിൽ താഴെ കോളുകൾക്ക് മാത്രമാണ് സമയപരിധിക്കുള്ളിൽ മറുപടി ലഭിച്ചത്. കോൾ സെൻ്ററിലെ ഒരു ഏജൻ്റുമായി സംസാരിക്കാൻ ശരാശരി 33 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതായി ഓഡിറ്റർ ജനറലിൻ്റെ ഓഫീസ് നടത്തിയ ടെസ്റ്റ് കോളുകളിൽ കണ്ടെത്തി. വ്യക്തിഗത നികുതി സംബന്ധിച്ച ചോദ്യങ്ങൾക്ക് ഏജൻ്റുമാർ കൃത്യമായ മറുപടി നൽകിയത് 17 ശതമാനം തവണ മാത്രമാണ്.
