കാലിഫോർണിയ : സതേൺ കാലിഫോർണിയയിലെ സാൻ ബെർണാർഡിനോ കൗണ്ടി ഫ്രീവേയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാരനായ 21 വയസ്സുള്ള ജഷൻപ്രീത് സിങ് ആണ് അറസ്റ്റിലായത്. അപകടസമയത്ത് ജഷൻപ്രീത് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. ജഷൻപ്രീത് ഓടിച്ചിരുന്ന ഫ്രൈറ്റ്‌ലൈനർ ട്രാക്ടർ-ട്രെയിലർ നിയന്ത്രണം നഷ്ടപ്പെട്ട് എസ്‌യുവിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്നു പേർ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അപകടത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടസമയത്ത് സിങ് ഒരിക്കലും വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചില്ലെന്നും മയക്കുമരുന്നിന്‍റെ സ്വാധീനത്തിലായിരുന്നുവെന്നും പൊലീസ് റിപ്പോർട്ട് ചെയ്തു. മെഡിക്കൽ പരിശോധനയിൽ ജഷൻപ്രീത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2022-ൽ അനധികൃതമായി ജഷൻപ്രീത് സിങ് യുഎസിലെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ചിൽ കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ ബോർഡർ പട്രോൾ ഏജൻ്റുമാർ അദ്ദേഹത്തെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു.
