ടൊറന്റോ: ഒന്റാരിയോയിലെ പെംബ്രോക്കിലുള്ള ഒരു സ്ഥാപനത്തിൽ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്. പെംബ്രോക്ക് സ്ട്രീറ്റ് ഈസ്റ്റിലെ 800-ാം ബ്ലോക്കിലുള്ള സ്ഥാപനത്തിലാണ് മോഷണം നടന്നത്. മോഷണക്കേസിൽ നാല് യുവാക്കളെയും ഒരു കൗമാരക്കാരനെയുമാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്.

മോഷണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനം റെൻഫ്രൂ ഒ.പി.പി. ഹൈവേ 17-ൽ നിന്നും കണ്ടെടുത്തു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ അന്വേഷണ സംഘം പിടികൂടുകയും തിരച്ചിലിൽ 20,000 ഡോളറിലധികം വിലവരുന്ന സുഗന്ധദ്രവ്യങ്ങൾ പൊലീസ് കണ്ടെടുത്തതായാണ് റിപ്പോർട്ട്. അബ്ദുൾമോസ് ബക്ക (18), ഫിഡ്ലി കപെൻഡ് (18), സിയോൺ താഹിയമാല-അറ്റ്കിൻസൺ (19), അബ്ദുൾ ഷിബൂയി (21) എന്നിവരും ഒരു കൗമാരക്കാരനുമാണ് കേസിൽ പ്രതികൾ. മോഷണം, മോഷ്ടിച്ച വസ്തുക്കൾ കൈവശം വെക്കൽ, ജോലി തടസ്സപ്പെടുത്തൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനും പ്രത്യേകമായി കേസ് ചുമത്തിയിട്ടുണ്ട്.
