മൺട്രിയോൾ : നവംബർ 2 ന് നടക്കാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിനായി മൺട്രിയോൾ നഗരം ഒരുങ്ങുമ്പോൾ ഈ ഞായറാഴ്ച മുൻകൂർ വോട്ടിങ് ആരംഭിക്കും. നഗരത്തിലുടനീളമുള്ള ഇരുന്നൂറിലധികം പോളിങ് ബൂത്തുകളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ യോഗ്യരായ വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താം. വോട്ടർമാരെ സഹായിക്കുന്നതിനായി നാലായിരത്തോളം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മൺട്രിയോൾ സിറ്റി അധികൃതർ അറിയിച്ചു. അതേസമയം പോളിങ് ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക “മിനി വോട്ടിങ് ബൂത്തുകൾ” വഴി കുട്ടികൾക്കും കൗമാരക്കാർക്കും വോട്ട് ചെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

സ്റ്റുഡൻ്റ് വോട്ടിങ്
കെബെക്കിലാദ്യമായി വിദ്യാർത്ഥികൾക്കായി സ്റ്റുഡൻ്റ് വോട്ടിങ് പദ്ധതിക്ക് മൺട്രിയോൾ സിറ്റി തുടക്കം കുറിച്ചു. പ്രാദേശിക സർവകലാശാലകളുമായും CEGEP-കളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബർ 24-ന് ആരംഭിച്ച സ്റ്റുഡൻ്റ് വോട്ടിങ് പദ്ധതി ഒക്ടോബർ 29 വരെ തിരഞ്ഞെടുത്ത ദിവസങ്ങളിൽ മൺട്രിയോളിലുടനീളമുള്ള 16 പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ നടക്കും. സ്റ്റുഡൻ്റ് വോട്ടിങ് പദ്ധതിയിലൂടെ മൺട്രിയോൾ ഇലക്ടറൽ ലിസ്റ്റിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അവർ ഏത് ബറോയിൽ താമസിക്കുന്നു എന്നത് പരിഗണിക്കാതെ തന്നെ അവരുടെ സ്കൂളിൽ വോട്ടുചെയ്യാം.

മൺട്രിയോൾ മുനിസിപ്പൽ തിരഞ്ഞെടുപ്പിലെ പ്രധാന തീയതികൾ
- മുൻകൂർ വോട്ടിങ് – ഒക്ടോബർ 26 ഞായറാഴ്ച (ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ)
- റിട്ടേണിങ് ഓഫീസറുടെ ഓഫീസുകളിൽ വോട്ടിങ് – തിങ്കൾ–ചൊവ്വ, ഒക്ടോബർ 27–28: രാവിലെ 10 മുതൽ രാത്രി 8 വരെ, ബുധനാഴ്ച, ഒക്ടോബർ 29: രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 2 വരെ
- സ്റ്റുഡൻ്റ് വോട്ടിങ് – ഒക്ടോബർ 24, 27, 28, 29 (സ്ഥാപനത്തിനനുസരിച്ച് സമയം വ്യത്യാസപ്പെടും)
- തിരഞ്ഞെടുപ്പ് ദിവസം – നവംബർ 2 ഞായറാഴ്ച (രാവിലെ 10 മുതൽ രാത്രി 8 വരെ)
