എഡ്മിന്റൻ : ആൽബർട്ടയിൽ അധ്യാപകരെ നിർബന്ധിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ ലക്ഷ്യമിടുന്ന നിയമനിർമാണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോമൺ ഫ്രണ്ട് തൊഴിലാളി കൂട്ടായ്മ രംഗത്ത്. ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷനും സർക്കാരും തമ്മിലുള്ള സംഘർഷം വർധിപ്പിക്കുന്നത്, പണിമുടക്കാനുള്ള അവകാശത്തെ പരിഹസിക്കുന്നതിന് തുല്യമാകുമെന്ന്, 3.5 ലക്ഷത്തിലധികം യൂണിയൻ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മ മുന്നറിയിപ്പ് നൽകി.

അധ്യാപക സമരം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ 2 തിങ്കളാഴ്ച അവതരിപ്പിക്കാനാണ് സ്മിത്ത് സർക്കാരിന്റെ തീരുമാനം. ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് സർക്കാർ നിയമം നടപ്പിലാക്കിയാൽ, അത് തൊഴിലാളികളുടെ വിലപേശൽ ശേഷിയെ തകർക്കുമെന്നും യൂണിയനുകൾ പറയുന്നു. നിയമം പ്രാബല്യത്തിൽ വന്നാൽ പ്രതിഷേധം സംഘടിപ്പിക്കാൻ തങ്ങൾക്ക് മറ്റ് മാർഗ്ഗമില്ലെന്നും കോമൺ ഫ്രണ്ട് കൂട്ടായ്മ പ്രീമിയർ ഡാനിയേൽ സ്മിത്തിനെ അറിയിച്ചു.
