സൗത്ത് ഡെക്കോഡ : യുഎസിലെ കോസ്റ്റ്‌കോ, സാംസ് ക്ലബ് സ്റ്റോറുകളിൽ വിറ്റഴിച്ച കൊറിയൻ ബാർബിക്യൂ പോർക്ക് ജെർക്കി തിരിച്ചുവിളിച്ചതായി ഫെഡറൽ ഹെൽത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. 998,000 കിലോഗ്രാം പോർക്ക് ജെർക്കിയാണ് ലോഹക്കഷണങ്ങൾ കലർന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് തിരിച്ചുവിളിച്ചിരിക്കുന്നത്. ജെർക്കിയിൽ ലോഹക്കഷണങ്ങൾ കണ്ടെത്തിയതായി ഉപഭോക്താക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന്, അൽപീനയിലെ എൽഎസ്ഐ, ഇൻകോർപ്പറേറ്റഡ് സ്വമേധയാ ഉൽപ്പന്നം പിൻവലിക്കുകയായിരുന്നു. ഉൽപാദനത്തിൽ ഉപയോഗിക്കുന്ന കൺവെയർ ബെൽറ്റിൽ നിന്നാണ് ലോഹക്കഷണങ്ങൾ കലർന്നതെന്ന് കമ്പനി പറയുന്നു. എന്നാൽ ഇതുവരെ ആർക്കും പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

“ഗോൾഡൻ ഐലൻഡ് ഫയർ-ഗ്രിൽഡ് പോർക്ക് ജെർക്കി കൊറിയൻ ബാർബിക്യൂ” എന്ന് പേരിൽ 14.5-ഔൺസ് (410-ഗ്രാം), 16-ഔൺസ് (450-ഗ്രാം) പ്ലാസ്റ്റിക് പൗച്ചുകളിലുള്ള മീറ്റ് ജെർക്കിയാണ് തിരിച്ചുവിളിച്ചത്. ഈ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്നും അവ ഉപേക്ഷിക്കുകയോ റീഫണ്ടിനായി വാങ്ങിയ കടകളിൽ തിരികെ നൽകുകയോ വേണം, അധികൃതർ നിർദ്ദേശിച്ചു.
