വൻകൂവർ : നോർത്തേൺ വൻകൂവർ ദ്വീപിൽ കനത്ത മഴയിൽ റോഡുകൾ ഒലിച്ചുപോയതിനെ തുടർന്ന് കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്തിയതായി ബ്രിട്ടിഷ് കൊളംബിയ എമർജൻസി മാനേജ്‌മെൻ്റ് ഏജൻസി. ശരത്കാല മഴയിൽ മണ്ണിടിച്ചിലും ഒപ്പം വൈദ്യുതി ലൈനുകളും പൊട്ടിവീണതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയതായി ഏജൻസി അറിയിച്ചു. ദ്വീപിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ സാൻ ജോസഫ് ബേയ്ക്ക് സമീപം ഒരു റോഡിൽ കുടുങ്ങിയ ആളുകളെ വെള്ളിയാഴ്ച പുലർച്ചെ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്.

കനത്ത മഴ, കാറ്റ്, മൂടൽമഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയെ മറികടന്ന് ഏകദേശം 250 കിലോമീറ്റർ പറന്നാണ് 19 വിങ് കോമോക്സിലെ വ്യോമസേന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിയത്. എട്ട് പേരെയും സാൻ ജോസഫ് ബേയുടെ സമീപമുള്ള പോർട്ട് ഹാർഡിയിലെ വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് എല്ലാവരെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബിസി എമർജൻസി ഹെൽത്ത് സർവീസസ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയയിൽ ശക്തമായ കാറ്റും മഴയും കാരണം വൻകൂവർ ദ്വീപിനും ബ്രിട്ടിഷ് കൊളംബിയ മെയിൻലാൻഡിനും ഇടയിലുള്ള ഫെറി സർവീസുകൾ റദ്ദാക്കി.
