ന്യൂഡല്‍ഹി : കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് കഴിഞ്ഞ ആഴ്ച ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയതിനെ തുടര്‍ന്നുള്ള സൗഹൃദാന്തരീക്ഷത്തില്‍, ഉന്നതതല ആശയവിനിമയങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ഇരു രാജ്യങ്ങളും നീക്കം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും അടുത്തമാസം ദക്ഷിണാഫ്രിക്കയിലെ ജി 20 ഉച്ചകോടിയ്ക്ക് എത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനുള്ള ശ്രമത്തിന് ഇരുരാജ്യങ്ങളും തുടക്കമിട്ടതായി റിപ്പോർട്ട്. ജൊഹന്നാസ്ബര്‍ഗില്‍ നവംബര്‍ 22-23 തീയതികളിലാണ് ജി 20 ഉച്ചകോടി നടക്കുക. ഇതിനോടനുബന്ധിച്ച് ഇരു നേതാക്കളുടെയും നേരിട്ടുള്ള രണ്ടാമത്തെ കൂടിക്കാഴ്ച നടന്നേക്കും. ഇതിന് മുന്‍പ് ജൂണ്‍ മാസത്തില്‍ കാനഡ ആതിഥേയത്വം വഹിച്ച ജി 7 ഉച്ചകോടിയിലാണ് ഇരുവരും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യ അടുത്ത ഫെബ്രുവരിയില്‍ ആതിഥേയത്വം വഹിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉച്ചകോടിയ്ക്ക് കാര്‍ണിയെ ക്ഷണിച്ചിട്ടുണ്ട്. കാർണി എ ഐ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാഷ്ട്രങ്ങളുടെയും ബന്ധം മുന്നോട്ടാണ് നീങ്ങേണ്ടത്, പിന്നോട്ടല്ല. അതിനായി കാനഡ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വേഗത്തില്‍ നടക്കണം എന്നതാണ് ആഗ്രഹം, ഇന്ത്യയുടെ കാനഡ ഹൈക്കമ്മീഷണര്‍ ദിനേശ് പട്‌നായിക് പറഞ്ഞു.

അനിത ആനന്ദിന്‍റെ സന്ദര്‍ശനകാലത്ത്, ഇന്ത്യ-കാനഡ വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 2023-ല്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ചതോടെ നിര്‍ത്തിവെച്ച സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണം എന്ന ആവശ്യത്തിന് ഇന്ത്യ ഇപ്പോഴും കാനഡയുടെ മറുപടി കാത്തിരിക്കുകയാണ്.
