വൻകൂവർ : കെലോവ്ന നോക്സ് പർവതത്തിലുണ്ടായ കാട്ടുതീയുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. തീപിടുത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തി കസ്റ്റഡിയിൽ തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പർവതത്തിലുള്ള പുല്ലിൽ ഒരാൾ തീ കത്തിക്കുന്നതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് തീപിടിത്തം കണ്ടെത്തിയത്. തുടർന്ന് നഗരമധ്യത്തിന് സമീപമുള്ള പാർക്കിലേക്കുള്ള റോഡുകളും ആക്‌സസ് പോയിന്റുകളും കെലോവ്ന ആർസിഎംപി അടച്ചിരുന്നു. പൊതുജനങ്ങൾ ഈ പ്രദേശം ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ തീ ഭാഗികമായി അണച്ചു. പ്രദേശത്ത് പെയ്ത മഴയും തീ നിയന്ത്രണവിധേയമാക്കാൻ സഹായിച്ചതായി അഗ്നിശമന സേനാംഗങ്ങൾ റിപ്പോർട്ട് ചെയ്തു.
