കാല്‍ഗറി : ശക്തമായ മത്സരം നടന്ന കാൽഗറി മേയർ തിരഞ്ഞെടുപ്പിൽ റീകൗണ്ടിങ് ഒക്ടോബർ 27 തിങ്കളാഴ്ച നടക്കും. കഴിഞ്ഞ തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ജെറോമി ഫാർക്കാസിനോട് വെറും 585 വോട്ടുകൾ പരാജയപ്പെട്ട സോണിയ ഷാര്‍പ്പ് റീകൗണ്ടിങ് ആവശ്യപ്പെട്ടിരുന്നു. റീകൗണ്ടിങ് ആവശ്യപ്പെട്ടതിൽ അസാധാരണമായി ഒന്നുമില്ലെന്നും, എഡ്മിന്‍റൻ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഡാറ്റാ എന്‍ട്രി പിശക് കാരണം അറുനൂറിലധികം വോട്ടുകളുടെ വ്യത്യാസം റീകൗണ്ടിങ്ങിൽ കണ്ടെത്തിയെന്നും ഷാര്‍പ്പ് പറയുന്നു. അതേസമയം കാല്‍ഗറിയിലെ മേയറും കൗണ്‍സിലും ഒക്ടോബര്‍ 29-ന് സത്യപ്രതിജ്ഞ ചെയ്യും.

ഇലക്ഷൻസ് കാൽഗറിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജെറോമി ഫാർക്കാസ് 91,065 വോട്ടുകളും സോണിയ ഷാർപ്പ് 90,480 വോട്ടുകളുമാണ് നേടിയത്. നിലവിലെ മേയർ ജ്യോതി ഗോണ്ടെക് 71,397 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ സ്ഥാനാർത്ഥിയുമായി രണ്ടാമത് എത്തിയ സ്ഥാനാർത്ഥിക്ക് ഒരു പോളിങ് സ്റ്റേഷനിലെ മൊത്തം വോട്ടുകളുടെ 0.5 ശതമാനത്തിനുള്ളിൽ കൂടുതൽ വ്യത്യാസം ഉണ്ടെങ്കിൽ, റീകൗണ്ടിങ് ആവശ്യപ്പെടാം.
