വാഷിങ്ടൺ : യുഎസ് ഫെഡറൽ ഗവൺമെൻ്റ് ഷട്ട്ഡൗൺ മൂലം എയർ ട്രാഫിക് കൺട്രോളർമാർ കൂട്ടത്തോടെ അവധിയെടുക്കുന്നത് വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നു. ദിനംപ്രതി വിമാനങ്ങൾ വൈകുന്നതായി ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി വ്യക്തമാക്കി. രാജ്യത്തുടനീളം ഏകദേശം അഞ്ച് ശതമാനം വിമാനങ്ങൾ വൈകുന്നത് എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് മൂലമാണ്. എന്നാൽ ചില ദിവസങ്ങളിൽ ഇത് 53 ശതമാനം വരെ ഉയർന്നിട്ടുണ്ട്, ഡഫി വിശദീകരിച്ചു.

വെള്ളിയാഴ്ച മാത്രം ഡാലസ് ഫോർട്ട് വർത്ത്, നെവാർക്ക്, ഫീനിക്സ് എന്നിവിടങ്ങളിലെ കൺട്രോൾ ടവറുകൾ ഉൾപ്പെടെ 12 എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഷട്ട്ഡൗൺ ആരംഭിച്ചതിന് ശേഷം മൊത്തം 222 ജീവനക്കാരുടെ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ സ്ക്രീനർമാരെപ്പോലെ, എയർ ട്രാഫിക് കൺട്രോളർമാരും ഷട്ട്ഡൗൺ സമയത്ത് ജോലിക്ക് ഹാജരാകണം, പക്ഷേ അവർക്ക് ശമ്പളം ലഭിക്കുന്നില്ല. ഇതാണ് കൂട്ട അവധിക്ക് പ്രധാന കാരണമായി കരുതുന്നത്.
