വൻകൂവർ : മെട്രോ വൻകൂവറിന്‍റെയും ഗ്രേറ്റർ വിക്ടോറിയയുടെയും ചില ഭാഗങ്ങളിൽ ശനിയാഴ്ച വീണ്ടും ശക്തമായ കാറ്റ് വീശുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ മുന്നറിയിപ്പ് നൽകി. സറെ, ലാംഗ്ലി, റിച്ച്മണ്ട്, ഡെൽറ്റ എന്നിവിടങ്ങളിലും ഗ്രേറ്റർ വിക്ടോറിയ, സതേൺ ഗൾഫ് ദ്വീപുകളിലും മുന്നറിയിപ്പ് ബാധകമായിരിക്കും. തെക്കുകിഴക്കൻ, തെക്ക് പടിഞ്ഞാറൻ ദിശകളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലും തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റ് വീശും. ഞായറാഴ്ച പുലർച്ചെയോടെ കാറ്റിന്‍റെ ശക്തി കുറയുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്.

വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ തീരമേഖലയിലെ ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാവിലെ കാറ്റ് കാരണം സാവാസനും സ്വാർട്സ് ബേയ്ക്കും ഇടയിലുള്ള നിരവധി ബിസി ഫെറി സർവീസുകൾ റദ്ദാക്കേണ്ടിവന്നു. എന്നാൽ ശനിയാഴ്ച സർവീസ് സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ട്.
