തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ 22% കൂടും. ഇന്ന് മുതല്‍ 2026 മാര്‍ച്ച് 28 വരെയുള്ള വിന്റര്‍ ഷെഡ്യൂള്‍ കാലയളവിലാണ് സര്‍വീസുകള്‍ വര്‍ധിക്കുന്നത്. പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റുകള്‍ 732 ആയി ഉയരും. നിലവിലെ സമ്മര്‍ ഷെഡ്യൂളില്‍ ഇത് 600 ആയിരുന്നു.
നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടന്‍ പുതിയ സര്‍വീസുകള്‍ തുടങ്ങും. കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂര്‍, മാലെ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ വര്‍ധിക്കും.

300 പ്രതിവാര രാജ്യാന്തര സര്‍വീസുകള്‍ എന്നത് 326 ആയി മാറുമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര സര്‍വീസുകള്‍ മുന്നൂറില്‍ നിന്ന് 406 ആയി ഉയരുമെന്നും വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. നേരത്തെ വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഓഗസ്റ്റില്‍ റെക്കോര്‍ഡ് വര്‍ധനവായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായത്.
