ഓട്ടവ : യുഎസ് താരിഫുകൾ കാനഡയുടെ ജിഡിപിയേയും കയറ്റുമതിയേയും സാരമായി ബാധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. തുടർച്ചയായ ആറ് പാദ വികസനത്തിന് ശേഷം 2025 ലെ രണ്ടാം പാദത്തിൽ യഥാർത്ഥ ജിഡിപി ഏകദേശം 0.4% കുറഞ്ഞതായി ഫെഡറൽ ഏജൻസി പറയുന്നു. കൂടാതെ പ്രധാന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് രണ്ടാം പാദത്തിൽ കയറ്റുമതി 7.5% കുറഞ്ഞതായും ഏജൻസി അറിയിച്ചു. കോവിഡ് മഹാമാരി കാലഘട്ടം ഒഴികെ, 2009 ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ ഇടിവാണിത്, സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു.

താരിഫും തുടർന്നുള്ള സാമ്പത്തിക മാന്ദ്യവും ഉൽപ്പാദനം, മൊത്തവ്യാപാരം, തൊഴിൽ എന്നിവയിലേക്ക് വ്യാപിച്ചു. യുഎസ് താരിഫുകളും പുതിയ കാറുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ചില വീട്ടുപകരണങ്ങൾ, ഗ്രോസറി സാധനങ്ങൾ, യാത്രാ സേവനങ്ങൾ എന്നിവയുൾപ്പെടെ കാനഡയുടെ താരിഫ് പ്രതിരോധ നടപടികളും ജിഡിപിയേയും കയറ്റുമതിയേയും ബാധിച്ചതായി ഫെഡറൽ ഏജൻസി പറയുന്നു. ഈ വർഷം ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ തൊഴിൽ വളർച്ച ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
