കോപ്പൻഹേഗൻ : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പട്ടണമായ ഹാപ്പി വാലി-ഗൂസ് ബേയിൽ പറന്നുയർന്ന വിമാനം ഗ്രീൻലാൻഡിൽ തകർന്നുവീണ് ഒരാൾ മരിച്ചതായി ഡാനിഷ് എയർപോർട്ട് അതോറിറ്റി നാവിഎയർ അറിയിച്ചു. മരിച്ച ആളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരാൾ മാത്രം സഞ്ചരിച്ചിരുന്ന വിമാനം ശനിയാഴ്ച ഗ്രീൻലാൻഡിന്‍റെ തലസ്ഥാനമായ നുക്കിന് സമീപമുള്ള സെർമിറ്റ്സിയാക് ദ്വീപിന് മുകളിലൂടെ പറക്കുന്നതിനിടെ കാണാതാവുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ അപകടസ്ഥലം കണ്ടെത്തി, നിർഭാഗ്യവശാൽ ആരും രക്ഷപ്പെട്ടിട്ടില്ല, എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. വിമാനം സെർമിറ്റ്സിയാക് പർവതത്തിലാണ് കണ്ടെത്തിയത്. പക്ഷേ നിലവിൽ എത്തിച്ചേരാൻ കഴിയാത്ത സ്ഥലത്താണെന്നും അധികൃതർ പറയുന്നു. കനത്ത മൂടൽമഞ്ഞാണ് അപകടകാരണമെന്ന് കരുതുന്നു.
