വൻകൂവർ : വാരാന്ത്യത്തിൽ ബ്രിട്ടിഷ് കൊളംബിയയുടെ തെക്കൻ മേഖലയെ ബാധിച്ച കാറ്റ് ഈ ആഴ്ചയും തീരപ്രദേശങ്ങളിൽ വീശിയടിക്കുമെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. വൻകൂവർ ദ്വീപിന്‍റെ വടക്കൻ ഭാഗങ്ങളിലും, പ്രവിശ്യയുടെ മധ്യ തീരത്തും, ഹൈദ ഗ്വായ്യിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ആരംഭിക്കുന്ന കാറ്റ് വൈകുന്നേരത്തോടെ ശമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബ്രിട്ടിഷ് കൊളംബിയയുടെ തീരത്തേക്ക് അടുക്കുന്ന ശക്തമായ ന്യൂനമർദ്ദമാണ് ശക്തമായ തെക്കുകിഴക്കൻ കാറ്റിന് കാരണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റിൽ വൈദ്യുതി തടസ്സം ഉൾപ്പെടെ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു.
