വാഷിങ്ടൺ : കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ (ആസിയാൻ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപും കാർണിയും ക്വാലാലംപൂരിലുണ്ട്. കാർണിയുമായി കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “എനിക്ക് അദ്ദേഹത്തെ കാണാൻ താൽപ്പര്യമില്ല. ഇല്ല, കുറച്ചു കാലത്തേക്ക് ഞാൻ അവരുമായി കൂടിക്കാഴ്ച നടത്തില്ല, ട്രംപ് പറഞ്ഞു.

ഒൻ്റാരിയോ സർക്കാർ നടത്തിയ താരിഫ് വിരുദ്ധ പരസ്യം കാരണം കാനഡയുമായുള്ള വ്യാപാര ചർച്ച താൽക്കാലികമായി അവസാനിപ്പിച്ച ട്രംപ് കാനഡയിൽ നിലവിലുള്ള ലെവികൾക്ക് പുറമേ 10 ശതമാനം താരിഫ് കൂടി ചേർക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആ അധിക താരിഫുകൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം ചർച്ചകൾ അവസാനിച്ച വ്യാഴാഴ്ച മുതൽ ട്രംപുമായി സംസാരിച്ചിട്ടില്ലെന്നും, ചർച്ചകൾ പുനരാരംഭിക്കാൻ കാനഡ തയ്യാറാണെന്നും മാർക്ക് കാർണി അറിയിച്ചു. ട്രംപ് ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കാനഡയ്ക്ക് പലവിധത്തിലുള്ള ബദൽ പദ്ധതികൾ ഉണ്ടെന്നും, അത് നവംബർ 4-ലെ ബജറ്റിൽ വിശദമാക്കുമെന്നും കാർണി കൂട്ടിച്ചേർത്തു.
