എഡ്മിന്‍റൻ : യുഎസ്-ആൽബർട്ട അതിർത്തിയിൽ വൻ കൊക്കെയ്ൻ വേട്ട നടത്തി കാനഡ ബോർഡർ സർവീസസ് ഏജൻസി ഉദ്യോഗസ്ഥർ. സംഭവത്തിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 25-ന്, കൗട്ട്സ് അതിർത്തി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ യു.എസിൽ നിന്ന് കാനഡയിലേക്ക് എത്തിയ ട്രക്കിൽ നിന്നും ഏകദേശം 77 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.

കാൽഗറി സ്വദേശി സുർജ് സിങ് സലാരിയ (28)യാണ് അറസ്റ്റിലായത്. മയക്കുമരുന്ന് കള്ളക്കടത്ത്, മയക്കുമരുന്ന് വിതരണം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 70 ലക്ഷം ഡോളർ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
