യവുൻഡേ: കാമറൂണിൽ എട്ടാം തവണയും അധികാരം നിലനിർത്തിയ പോൾ ബിയ വീണ്ടും പ്രസിഡന്റാകും. 53.7 ശതമാനം വോട്ട് നേടിയാണ് 92 കാരനായ പോൾ ബിയ അധികാരത്തിലേറുന്നത്. എതിർസ്ഥാനാർഥി ഇസ്സ ചിറോമ ബക്കാരി 35.2 ശതമാനം വോട്ട് നേടി. കാമറൂൺ പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്മെന്റ് പാർട്ടി നേതാവായ പോൾ ബിയ ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയാണ്. 1982 മുതൽ പോൾ ബിയ കാമറൂൺ പ്രസിഡന്റാണ്. 1975 മുതൽ ഏഴ് വർഷം രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. ഈ കാലയളവ് കൂടി പരിഗണിക്കുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വ്യക്തിയായിരിക്കും പോൾ ബിയ.

2008ൽ പ്രസിഡന്റ് സ്ഥാനത്തിന്റെ കാലാവധി എടുത്തുകളഞ്ഞ ഇദ്ദേഹം പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയിച്ചു. പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും പ്രക്ഷോഭങ്ങൾക്കിടെയായിരുന്നു കാമറൂണിലെ തിരഞ്ഞെടുപ്പ്. വലിയ അക്രമങ്ങൾക്കിടെ സുരക്ഷാസേനയുടെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ടു. പോൾ ബിയയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. ഈ പ്രക്ഷോഭങ്ങൾ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അലയടിക്കുന്നുണ്ട്.
