ഓട്ടവ : രാജ്യവ്യാപക പണിമുടക്കിൽ തുടരുന്നതിനിടെ ആയിരക്കണക്കിന് തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി വീണ്ടും ചർച്ചയ്ക്ക് ഒരുങ്ങി കാനഡ പോസ്റ്റ്. ക്രൗൺ കോർപ്പറേഷനും കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സും ഈ ആഴ്ച അവസാനം മധ്യസ്ഥന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തുമെന്ന് സ്ഥിരീകരിച്ചു. എന്നാൽ, തീയതി ഇരുപക്ഷവും വ്യക്തമാക്കിയിട്ടില്ല. 55,000 പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുമായി പുതിയ കരാർ ചർച്ച ഏകദേശം രണ്ട് വർഷമായി കാനഡ പോസ്റ്റ് തുടരുകയാണ്. ഒക്ടോബർ 3 ന് കാനഡ പോസ്റ്റ് പുതിയ ഓഫർ മുന്നോട്ടുവെച്ച ശേഷം ഇരു പാർട്ടികളും കൂടിക്കാഴ്ച നടത്തിയിട്ടില്ല.

ഡെലിവറി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുക, ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുക തുടങ്ങിയ ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച പരിഷ്കാരങ്ങളെ തുടർന്ന് പോസ്റ്റൽ ജീവനക്കാർ രാജ്യവ്യാപക പണിമുടക്കിലാണ്. തൊഴിലുടമയും യൂണിയനും തമ്മിലുള്ള ചർച്ചകൾക്കിടയിൽ മാറ്റങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഫെഡറൽ സർക്കാർ ചർച്ചകളെ “കളങ്കപ്പെടുത്തിയ”തായി യൂണിയൻ പ്രസിഡൻ്റ് ജാൻ സിംപ്സൺ ആരോപിക്കുന്നു.
