കിങ്സ്റ്റൺ: ലോകം കണ്ട ഏറ്റവും ശക്തമായ മെലിസ കൊടുങ്കാറ്റ് ചൊവ്വാഴ്ച കരീബിയൻ ദ്വീപ് രാജ്യമായ ജമൈക്കയിൽ നാശം വിതയ്ക്കാൻ എത്തുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. 174 വർഷത്തിനിടെ ദ്വീപിൽ ആഞ്ഞടിക്കുന്ന കാറ്റഗറി 5 ൽ ഉൾപ്പെടുന്ന തീവ്ര ചുഴലിക്കാറ്റാണിത്. കനത്ത നാശനഷ്ടങ്ങൾ മുൻകൂട്ടി കണ്ട് സാധ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്ന് സർക്കാർ അറിയിച്ചു.

കാറ്റഗറി 5 കൊടുങ്കാറ്റിനെ നേരിടാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്നാണ് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് വ്യക്തമാക്കിയത്. കൊടുങ്കാറ്റിൻ്റെ കേന്ദ്രത്തിന് സമീപമുള്ള കെട്ടിടങ്ങൾക്ക് പൂർണ്ണമായ നാശം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് നാഷണൽ ഹരിക്കേൻ സെൻ്റർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ തീരത്ത് 13 അടി വരെ ഉയരത്തിൽ ജീവന് ഭീഷണിയായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മുൻ റിപ്പോർട്ടുകൾ പ്രകാരം കരീബിയൻ മേഖലയിൽ മെലിസ ഇതിനകം ഏഴ് പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. ഏകദേശം 1.5 ദശലക്ഷം ആളുകളെ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് റെഡ് ക്രോസിൻ്റെ കണക്ക്. ദുരിതാശ്വാസത്തിനായി ഐക്യരാഷ്ട്രസഭയുടെ ഏജൻസികൾ ഉൾപ്പെടെയുള്ള സംഘടനകൾ അവശ്യവസ്തുക്കൾ സജ്ജമാക്കിയിട്ടുണ്ട്. ജമൈക്കയെ ബാധിച്ച ശേഷം മെലിസ ക്യൂബയിലേക്കും തിരിയുമെന്നാണ് പ്രവചനം.
